പോത്തൻകോട് : മദ്യലഹരിയില്‍ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് . കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സൈനികൻ കുറ്റിയാണി കണ്ണംകുഴി മേലെ പുത്തൻവീട്ടില്‍ ജെ.സന്തോഷ് കുമാര്‍ (35)നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് അടിയേറ്റ വട്ടപ്പാറ പള്ളിവിള കുഴിവിള വീട്ടില്‍ നിഷാദ് ( 40 ) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
ശനിയാഴ്ച രാത്രി 10ഓടെ വട്ടപ്പാറ കുറ്റ്യാണിയിലെ സന്തോഷ്കുമാറിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം.ഉത്തര്‍പ്രദേശിലെ ഝാൻസി റെജിമെന്റില്‍ ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തായ നിഷാദിനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സന്തോഷ് വീട്ടില്‍ ഉണ്ടായിരുന്ന ചുറ്റി കയെടുത്ത് നിഷാദിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അതിനു ശേഷം സന്തോഷ് പുറത്തേക്ക് പോയി. സംഭവം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് നിഷാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കടന്നു കളയാൻ ശ്രമിച്ച സന്തോഷ്കുമാറിനെ വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്‌ഐമാരായ സുനില്‍ ഗോപി, ജോണി, സുനില്‍കുമാര്‍, സിപിഒമാരായ രാജേഷ്, ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘം കുറ്റിയാണി ജംക്ഷനില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.