കാസർഗോഡ് :തെരുവ് നായകളുടെ ആക്രമണം ഭീതി ഒഴിയാതെ ചെറുവത്തൂര്‍. ചെറുവത്തൂരില്‍ വെള്ളിയാഴ്ച രാവിലെ തെരുവ് നായ മരപ്പണിക്കാരന്റെ കീഴ്ചുണ്ട് കടിച്ചുപറിക്കുകയും ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു. ചെറുവത്തൂര്‍ തിമിരി കുതിരംചാല്‍ സ്വദേശി കെ.കെ മധു(50)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പിറക് വശത്തെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് മധുവിനെ തെരുവ് നായ അക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പരാക്രമം കാട്ടിയ നായയെ നാട്ടുകാര്‍ പിടികൂടി. ഈ മാസം ആദ്യവാരവും ചെറുവത്തൂരില്‍ നായയുടെ ആക്രമണം ഉണ്ടായിരുന്നു. ബസ്റ്റാന്‍ഡ് പരിസരത്ത് എത്തിയ രണ്ടുപേരെ തെരുവ് നായകടിച്ചു. കടിയേറ്റ ആള്‍ നായയെ പിന്തുടര്‍ന്നു തല്ലിക്കൊന്നു.