കോഴിക്കോട്: നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി.മഞ്ചേരി സ്വദേശി കൊരമ്പയില്‍ അനസ് റഹ്മാൻ (20) ആണ് ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് സമീപമുള്ള പാര്‍ക്കിങ്ങില്‍നിന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും മോഷണം നടത്തിയ ഇരുചക്രവാഹനങ്ങള്‍ പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എ.ഐ കാമറയുടെ കണ്ണുവെട്ടിക്കാനായി മെഡിക്കല്‍ കോളജില്‍നിന്ന് മോഷ്ടിച്ച വാഹനത്തിന്റെ നമ്പര്‍ മാറ്റി അതിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മുമ്പും വാഹനമോഷണ കേസില്‍ ഇയാള്‍ പ്രതിയാണ്.