വിതുര : പൊന്മുടി 22ാം വളവില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു തകര്‍ന്നു. കാറിലുണ്ടായ കൊല്ലം സ്വദേശികളായ 4 യുവാക്കള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.2 പേരുടെ പരുക്ക് ഗുരുതരമാണ്.അതിതീവ്രമായ കോടമഞ്ഞില്‍ മുന്നിലേക്കുള്ള കാഴ്ച മങ്ങിയതോടെ ഡ്രൈവര്‍ക്ക് ഹെയര്‍പിൻ വളവ് കാണാൻ കഴിയാത്തതും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണ് അപകടകാരണം. വളവിനു തൊട്ടു മുന്നിലെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് അപകടം മനസ്സിലായത്. തുടര്‍ന്ന് വാഹനം നിര്‍ത്താൻ ശ്രമിക്കവേ വാഹനം നിയന്ത്രണംവിട്ടു മുന്നോട്ടു നീങ്ങി റോഡരികിലെ കോണ്‍ക്രീറ്റില്‍ ഇടിച്ച ശേഷം സൂചനാ ബോര്‍ഡ് തകര്‍ത്ത് 400 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനം അമിതവേഗത്തിലായിരുന്നെന്നാണ്സൂചന.
ഇന്നലെ രാവിലെ 9.50 ന് പൊന്മുടി 22ാം വളവില്‍ പുതിയ വനം സെക‍്ഷൻ ഓഫിസിനു മുന്നിലായിരുന്നു അപകടം. അഞ്ചല്‍ ഇടമുളയ്ക്കല്‍ പറങ്ക്യാംവിള വീട്ടില്‍ ആദില്‍ മുഹമ്മദ്(18), ആയൂര്‍ വയക്കല്‍ നന്ദനത്തില്‍ നവ്ജ്യോത് അനില്‍(18), അഞ്ചല്‍ പാലമുക്ക് മംഗലത്തു വീട്ടില്‍ അമല്‍ മുഹമ്മദ്(18), ഏരൂര്‍ തൃക്കോയിക്കല്‍ തേവങ്കോട്ട് മഠത്തില്‍ ഗോകുല്‍ കൃഷ്ണ(18) എന്നിവര്‍ക്കാണു പരുക്കേറ്റത്. ആദിൽ ഗോകുല്‍ എന്നിവര്‍ക്കാണ് ഗുരുതര പരുക്ക്. ഇരുവരുടെയും കാലുകള്‍ക്ക് ഒടിവുണ്ട്.
കൊക്കയിലേക്കു മറിഞ്ഞ കാര്‍ ആദ്യം മരത്തില്‍ തങ്ങി നിന്നു. ഈ സമയം കാറിന്റെ മുന്നിലെ വിൻഡോ പുറത്തേക്കിറങ്ങിയ നവ്ജ്യോത് കാട്ടുവള്ളികള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനു പിന്നാലെ കാര്‍ വീണ്ടും താഴേക്കുവീഴുകയായിരുന്നു. നവ്ജ്യോതിനെ രക്ഷാപ്രവര്‍ത്തകര്‍ ഇതുവഴി തന്നെ മുകളിലെത്തിച്ചു. മറ്റുള്ളവരെ ഇതുവഴി പുറത്തെത്തിക്കാൻ കഴിയുമായിരുന്നില്ല. തുടര്‍ന്ന്, ഒരുകിലോമീറ്റര്‍ അകലെയുള്ള കമ്പിമൂട് ജംക്‌ഷനു സമീപം കാടിനുള്ളിലൂടെ അര കിലോ മീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മറ്റുള്ളവരെ ചുമന്ന് പുറത്തെത്തിച്ചത്.
ഇവരെ വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം അഞ്ചലില്‍ നിന്നും പുറപ്പെട്ട പൊൻമുടിയില്‍ എത്തിയ ശേഷം മടങ്ങുമ്പോഴാണ് അപകടം.