പാലക്കാട്: മുക്കുപണ്ടം പണയംവച്ച് രണ്ട് ലക്ഷം രൂപ തട്ടിയ മൂന്നംഗ സംഘം പിടിയില്‍. ആലത്തൂര്‍ വാനൂര്‍ പൊട്ടിമട വള്ളക്കുന്നം അനൂപ് (34),ആലുവ പൈപ്പ്‌ലൈന്‍ റോഡ് വടക്കുംതലയില്‍ മുഹമ്മദ് അനീഷ് (അനുഷ് 41), ആലപ്പുഴ കോമളപുരം വെളിയില്‍കാളാത്ത് അജിത്ത് (28) എന്നിവരെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.ആലത്തൂര്‍ ഗാന്ധി ജങ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജൂണ്‍ 13നാണ് മുക്കുപണ്ടം പണയംവച്ച് രണ്ട് ലക്ഷം കൈപ്പറ്റിയത്. രണ്ട് മാലകള്‍ പണയം വച്ചത് 2.83 ലക്ഷം രൂപയ്ക്കായിരുന്നു. പണമിടപാട് സ്ഥാപനം രണ്ട് ലക്ഷം രൂപയേ ആദ്യം നല്‍കിയുള്ളൂ. ബാക്കി തുക പിന്നീട് നല്‍കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പണം വാങ്ങാന്‍ വന്നില്ല.സ്ഥാപനത്തില്‍നിന്ന് വിളിച്ചപ്പോള്‍ ഓണ്‍ലൈനായി ബാക്കി പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടു. സംശയം തോന്നി സ്വര്‍ണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് നിര്‍ദേശപ്രകാരം സ്ഥാപനത്തിലേക്ക് വിളിച്ച് വരുത്താന്‍ ശ്രമിച്ചെങ്കിലുംഎത്തിയില്ല. ഇതേതുടര്‍ന്ന് പോലീസ് കേസെടുത്തു. ഇവര്‍ വന്ന വാഹനം സി.സി.ടിവിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞിരുന്നു.ബുധനാഴ്ച വൈകിട്ട് ഈ വാഹനം തൃശൂരില്‍നിന്ന് വടക്കഞ്ചേരി ടോള്‍ പ്ലാസ വഴി വരുന്നതായി പോലീസിന് വിവരം കിട്ടി. എരിമയൂര്‍ മേല്‍പ്പാലത്തില്‍ റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് ഇവരെ സാഹസികമായി പിടികൂടി. ചോദ്യചെയ്യലില്‍ ആലുവയില്‍ സ്വര്‍ണക്കട്ടയെന്ന് തെറ്റിദ്ധരിപ്പിച്ച് ചെമ്ബ് കട്ട നല്‍കി ഒരാളില്‍നിന്ന് രണ്ടര ലക്ഷം തട്ടിയെടുത്ത് ബാംഗ്ലൂരിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.