കൊട്ടിയൂര്‍: അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയുടെ നേര്‍ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലെ പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ പഞ്ചായത് പരിധിയില്‍പെട്ട സജീവ് എന്ന രാജീവിനെയാണ് തെളിവെടുപ്പിനായി പള്ളി പരിസരത്ത് എത്തിച്ചത്. കേളകം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അടയ്ക്കാത്തോട് പള്ളിയില്‍ മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ തിരുനെല്ലി പള്ളിയിലും മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുനെല്ലി എസ് ഐ സാജനും സംഘവും പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്.