പുല്‍പള്ളി:പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിലിനെ ബത്തേരി പോലീസ് പിടികൂടി.ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലാണ് സജീവനെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം മൈസൂരുവില്‍ നിന്ന് ബത്തേരിയിലെത്തിയ സജീവൻ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്. സജീവന്റെ വാഹനത്തെ പിന്തുടര്‍ന്ന് അസംപ്ഷൻ ജങ്ഷന് സമീപംവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബുധനാഴ്ച മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കും. സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പിനിരയായ രാജേന്ദ്രൻ നായര്‍ മേയ് 30-ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സജീവൻ ഒളിവില്‍ പോയത്. സജീവനായി പുല്‍പള്ളി പോലീസ് കര്‍ണാടകയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരുമാസത്തോളമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് വിജിലൻസ് കേസുകളില്‍ പ്രതിയാണ് സജീവൻ. രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പിലും സജീവന്റെ പേരുണ്ട്. വായ്പത്തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.