ഗുരുഗ്രാം: അമിത വേഗതയില്‍ വന്ന ട്രക്ക് കാറിലിടിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.സതാക്ഷി (26), പ്രിഷ (2), പരി (9 മാസം), വിദാൻഷ് (6 മാസം) എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 12.15 ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ ജാര്‍സ ചൗക്കിന് സമീപം മേല്‍പ്പാലത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രതിയായ ഡ്രൈവര്‍ രക്ഷപ്പെട്ടു.രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ആറ് കുട്ടികളും അടങ്ങുന്ന കുടുംബം ഗാസിയാബാദില്‍ നിന്ന് കാറില്‍ ഭിവാദിയിലെ ബാബ മോഹൻ റാം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ സ്ത്രീകളും കുട്ടികളും കാറില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് അമിതവേഗതയിലെത്തിയ ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയാണ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.