കണ്ണൂര്‍: ബംഗളൂരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്ന വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.ചാലാട് സ്വദേശി ദില്‍ഷാദ് (21) ആണ് അറസ്റ്റിലായത്. 68.9 ഗ്രാം മെതാംഫെറ്റാമിൻ എന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ഇതിന് 2.75 ലക്ഷത്തോളം രൂപ വിലവരും.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ചാലാട്ടെ വീട് റെയ്ഡ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സിഐ ടി.പി. ജനാര്‍ദനൻ, പ്രിവന്‍റീവ് ഓഫീസര്‍ അനില്‍കുമാര്‍, കെ.സി. ഷിനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്ത്, ഷബിൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സീമ, ഡ്രൈവര്‍ സോള്‍ദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിയെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.