കോട്ടയം: എട്ടുമാസം പ്രായമായ മകൻ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ കഴിയുന്നതിനിടെ അച്ഛനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ വളപുരം കരിമ്ബാടത്ത് ജയേഷിനെ ആണ് കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.മകൻ സായൂജ് കൃഷ്ണയുടെ ചികിത്സക്കായാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിന് ഭാര്യ സുനിതയാണ് കരള്‍ നല്‍കുന്നത്. 28ന് ആണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. സഹായത്തിനായി ജയേഷും സഹോദരൻ കൃഷ്ണദാസുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകിട്ടോടെ ജയേഷിനെ കാണാതാവുകയായിരുന്നു.മൃതദേഹത്തില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തി. കുട്ടിക്കുണ്ടായ അസുഖത്തെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ജയേഷെന്ന് ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ടെന്നു പോലീസ് പറയുന്നു. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്ന ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്.