കോഴിക്കോട്: കോഴിക്കോട് കിനാലൂരില്‍ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു.തലയാട് സ്വദേശി സിജിത്ത്, എകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.സ്വകാര്യ ബസിലെ ക്ലീനറായ സജില്‍ എന്നയാള്‍ കടമായി വാങ്ങിയ 500 രൂപ തിരികെ ആവശ്യപ്പെട്ട് സുഹൃത്ത് മനീഷിന്റെ ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി. രാത്രി പത്തരയോടെ സജിലുള്‍പ്പെടെയുള്ള ബസ് ജീവനക്കാര്‍ വിശ്രമിച്ചിരുന്ന ഏഴുകണ്ടിയിലേക്ക് പണം ആവശ്യപ്പെട്ട് മനീഷും സുഹൃത്തുക്കളുമെത്തി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ബസ് ഡ്രൈവറായ സിജിത്തിനും, കണ്ടക്ടര്‍ സിജാദിനും കുത്തേറ്റത്.സംഭവത്തിന് പിന്നാലെ സജില്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് കുത്തേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.