കോയമ്പത്തൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തൻ. കോയമ്പത്തൂരിൽ താമസിക്കുന്ന കൈനൂർ വേണുഗോപാലിന്റെയും ദേവകിയുടെയും മകൻ കെവി രാജേഷ് ആചാരിയാണ് (54) 38 പവൻ തൂക്കം വരുന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടം നിർമിച്ചത്.തൃശ്ശൂർ നടത്തറയ്ക്ക് സമീപമുള്ള കൈനൂർ തറവാട്ടിലെ അംഗമായ കെവി രാജേഷ് 40 വർഷമായി കോയമ്പത്തൂരിൽ ആഭരണനിർമാണരംഗത്തുണ്ട്.ആർഎസ് പുരത്തെ നിർമാണശാലയിൽ അഞ്ച് മാസം മുന്‍പാണ് പണി ആരംഭിച്ചത്. നേരത്തേ ഗുരുവായൂരിൽ ചെന്ന് അളവെടുത്തിരുന്നു. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വർണംകൊണ്ട് മാത്രമാണ് കിരീടം നിർമിച്ചത്.ചൊവ്വാഴ്ച വൈകീട്ട് കിരീടം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്ടമിരോഹിണിദിവസമായ ബുധനാഴ്ച നിർമാല്യം ചടങ്ങിനുശേഷം കിരീടം ചാർത്തും.