തിരുവനന്തപുരം: ഗോവയില്‍ ഓണം അവധി ആഘോഷിച്ച ശേഷം നാട്ടിലെത്തിയ കുടുംബത്തിലെ നാലു വയസ്സുകാരൻ ഛര്‍ദ്ദിയും വയറിളക്കവും മൂലം മരിച്ചു.വിളവൂര്‍ക്കല്‍ പ്ലാങ്കോട്ടുമുകള്‍ അശ്വതിഭവനില്‍ അനീഷിന്റെയും അശ്വതിയുടെയും ഇളയ മകൻ അനിരുദ്ധാണ് ദാരുണമായി മരിച്ചത്. ഭക്ഷ്യവിഷബാധയാണ് കുട്ടിയുടെ മരണകാരണമെന്നാണ് സംശയം.കഴിഞ്ഞ 28-നാണ് കുടുംബം ഗോവയിലേക്ക് യാത്ര പോയത്. 31-ന് രാത്രി തിരിച്ചെത്തി. തിരികെവരുമ്പോള്‍ മഡ്ഗാവ് റെയില്‍വേ സ്റ്റേഷനിലെ കാന്റീനില്‍ നിന്നും ഇവര്‍ ഷവര്‍മ കഴിച്ചതായി പറയുന്നു. യാത്രയ്ക്കിടയില്‍ പനിയും ക്ഷീണവും ബാധിച്ച നിലയിലായിരുന്നു കുട്ടി. നാട്ടിലെത്തിയ ശേഷം ഇവര്‍ തൈയ്ക്കാടുള്ള ഹോട്ടലില്‍ നിന്നും കുഴിമന്തിയും കഴിച്ചു. തുടര്‍ന്ന് കുട്ടിക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടാകുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.
ആദ്യം മലയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കഴിഞ്ഞ രണ്ടിന് തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സ തേടി. പരിശോധനയ്ക്കു ശേഷം മറ്റു കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു. വീട്ടിലെത്തിയിട്ടും കുട്ടിക്ക് അസ്വസ്ഥത തുടര്‍ന്നതിനാല്‍ തിങ്കളാഴ്ച വെളുപ്പിന് ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.