ഉത്തര്‍പ്രദേശില്‍ പതിനാലുകാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. ഗാസിയാബാദില്‍ നടന്ന സംഭവത്തില്‍ പതിനാലുകാരനായ സബേസ് ആണ് മരിച്ചത്.ഒരു മാസം മുന്‍പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സബേസിന്റെ അയല്‍വാസി തെരുവുനായ്ക്കളെ വളര്‍ത്തുകയും സ്ഥിരമായി ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ആറിലധികം തെരുവുനായ്ക്കളെയാണ് ഇയാള്‍ പരിപാലിച്ചിരുന്നത്. ഇതില്‍ ഒരു നായയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍, ഭയം കാരണം പട്ടി കടിച്ച കാര്യം കുട്ടി മാതാപിതാക്കളോട് പറഞ്ഞില്ല. നാലുദിവസം മുന്‍പാണ് കുട്ടി പേവിഷബാധയുടെ ലക്ഷണം കാണിക്കാന്‍ തുടങ്ങിയത്. കുട്ടി വെള്ളം കുടിക്കാന്‍ ഭയപ്പെടുകയും ഇരുട്ടത്ത് ഇരിക്കാന്‍ തുടങ്ങിയതോടെയുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.