അടിമാലി: ശക്തമായ മഴയെതുടര്‍ന്ന് അടിമാലിയില്‍ ബൈക്ക് യാത്രികൻ ഒഴുക്കില്‍പെട്ട് ദാരുണ അന്ത്യം. കല്ലാര്‍കുട്ടി സ്വദേശി അനീഷ് (29) ആണ് മരിച്ചത്.അടിമാലി – കുരങ്ങാട്ടി റോഡില്‍ (അപ്സര റോഡ്) ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ടൗണിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന തലമാലി വെള്ളച്ചാട്ടത്തില്‍ ഹെഡ് ലൈറ്റ് തെളിഞ്ഞ നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ വീട്ടമ്മയാണ് ആദ്യം ഇക്കാര്യം പോലീസില്‍ അറിയിച്ചത്. പോലീസും നാട്ടുകാരും ഉടനെ സ്ഥലത്തെത്തിയെങ്കിലും ശക്തമായ മഴ മൂലം തെരച്ചില്‍ നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാ യുണിറ്റ് രാജാക്കാട് ഭാഗത്തെ മറ്റൊരു അപകട സ്ഥലത്ത് പോയ സമയത്താണ് സംഭവം. മഴ ശക്തമായതിനാല്‍ പുഴയില്‍ കഠിനമായ വെള്ളപ്പാച്ചിലുണ്ടായിരുന്നു. ഇത് തെരച്ചിലിനെ ബാധിച്ചു. വെളിച്ചത്തിന്റെ കുറവും പ്രതികൂലമായി. രാത്രി വൈകിയും അന്വേഷണം തുടര്‍ന്നു.മരിച്ച അനീഷ് അടിമാലിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി തിരികെ ബെെക്ക് ഓടിച്ച് പോകുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളച്ചാട്ടത്തില്‍ പതിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.