പന്തളം: കുരമ്പാലയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ഡെലിവറിവാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും അടക്കം 15 പേര്‍ക്ക് പരിക്ക്.ഡെലിവറി വാനിലുണ്ടായിരുന്ന ആലുവ ഇടത്തല വലിയപറമ്പില്‍ വി.എസ്. ശ്യാം (31), വാൻ ഓടിച്ചിരുന്ന എറണാകുളം കിഴക്കമ്പലം താമരചാല്‍ ആത്തിലിക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ മാത്യു (38) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ന് എംസി റോഡില്‍ കുരമ്പാല അമൃത സ്കൂള്‍ ജംഗ്ഷനു സമീപമാണ് അപകടം. അടൂരില്‍നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.വാനിലുണ്ടായിരുന്ന ഇരുവരും തല്‍ക്ഷണം മരിച്ചു. വാൻ ഡ്രൈവര് ഉറങ്ങിയതാണ് അപകട കാരണമെന്നു പറയുന്നു. വാനിന്‍റെ വരവു കണ്ട് വെട്ടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട ബസ് റോഡിന് ഇടതുവശത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു ബസിനു മുകളിലേക്കു പതിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വാനില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.