കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി മേഖലയിലൂടെ സ്വര്‍ണം കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാ സേന (ബിഎസ്‌എഫ്) തകര്‍ത്തു.50 സ്വര്‍ണ ബിസ്‌കറ്റുകളും 16 സ്വര്‍ണക്കട്ടികളുമായി ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി.
23 കിലോയോളം തൂക്കമുള്ള സ്വര്‍ണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നും ബിഎസ്‌എഫ് അറിയിച്ചു. അതിര്‍ത്തിയിലെ 68 ബറ്റാലിയൻ പോസ്റ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
സെപ്റ്റംബര്‍ 18 ന് വൈകുന്നേരം 6:50 ന് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വാൻ ടേണിന് സമീപം സ്വര്‍ണക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഉടൻതന്നെ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.തൊട്ടുപിന്നാലെ, സംശയാസ്പദമായ രീതിയില്‍ ഒരു മോട്ടോര്‍ സൈക്കിളിൽ ഒരാള്‍ വാൻ ടേണിന് സമീപം വരുന്നത് അവര്‍ കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടികൂടിയ കള്ളക്കടത്തുകാരനെയും പിടിച്ചെടുത്ത സ്വര്‍ണവും തുടര്‍ നടപടികള്‍ക്കായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറുമെന്ന് ബിഎസ്‌എഫ് അറിയിച്ചു.