തിരുവനന്തപുരം: ബിയര്‍ ചോദിച്ചിട്ട് നല്‍കാത്തതിന് അയല്‍വാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകരപുത്തൻ വീട്ടില്‍ കൊച്ചുമോൻ എന്ന ബിനുരാജി(45)നെ ആണ് കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിലായിരുന്നു സംഭവം.
പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്‍റെ കൈവശമിരുന്ന ബിയര്‍ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടു. എന്നാല്‍ ബിയര്‍ നല്‍കാൻ തയാറാകാത്തതിലുള്ള വിരോധത്തില്‍ അസഭ്യം വിളിച്ചുകൊണ്ട് ബിനുരാജ് ഇടുപ്പില്‍ കരുതിയിരുന്ന കഠാരയെടുത്ത് അജയമോന്‍റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു. കഠാര കൊണ്ടുള്ള ആക്രമണം തടയാൻ ശ്രമിക്കവെ അജയമോന് ആഴത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നും ശരീരമാസകലം ബിനുരാജ് കുത്തി പരുക്കേല്‍പ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഗുരുതര പരുക്കേറ്റ ബിനുരാജിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.