വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തന്റെ കർമ്മ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്.ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയിൽ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാൻ.

മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’എന്നത്. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും പിന്തിരിപ്പൻ ചിന്താഗതി വച്ച് പുലർത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താൻ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂർ പുത്തനത്താണിയിൽ മുസ്ലിംലീഗ്‌ പൊതുയോഗത്തിലായിരുന്നു കെ എം ഷാജിയുടെ വിവാദപരാമർശം. പ്രസംഗത്തിന്റെ ഏറെ ഭാഗവും ആരോഗ്യ മന്ത്രിയെ അപമാനിക്കുംവിധമായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × one =