തൃശൂര്‍: ജോലി ചെയ്തിരുന്ന ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെടുത്ത കേസില്‍ കാനറാ ബാങ്ക് ഗോള്‍ഡ് അപ്രൈസറും മകനും അറസ്റ്റില്‍.വെള്ളാങ്കല്ലൂര്‍ സ്വദേശി മാങ്ങാട്ടുകര വീട്ടില്‍ ദശരഥൻ (59), മകൻ ജിഷ്ണു പ്രസാദ്( 27 ) എന്നിവരാണ് അറസ്റ്റിലായത്. ദശരഥൻ ജോലി ചെയ്തിരുന്ന ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് അച്ഛനും മകനും കൂടി പണം തട്ടുകയായിരുന്നു.
ബാങ്കിന്റെ പരാതിയില്‍ മതിലകം പൊലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂര്‍ ശാഖയിലാണ് ഇവര്‍ 5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് 23 500 രൂപ തട്ടിയെടുത്തത്. കനറാ ബാങ്ക് റീജനല്‍ ഓഫിസിലെ ഗോള്‍ഡ് അപ്രൈസറാണ് ദശരഥൻ. ഇയാള്‍ ബാങ്കിന്റെ വെമ്പല്ലൂര്‍ ശാഖയില്‍ പകരക്കാരനായി എത്തിയ ജൂണ്‍ ആറിനാണ് മകൻ ജിഷ്ണു പ്രസാദ് മുക്കുപണ്ടം പണയം വച്ചത്.ഈ മാസം നടത്തിയ ഓഡിറ്റിങ്ങില്‍ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.