ഇഡിയുടെ എതിർപ്പിന് അവഗണന; ശിവശങ്കറിന്റെ ജാമ്യം വീണ്ടും നീട്ടി

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി സുപ്രീം കോടതി. രണ്ട് മാസത്തേക്ക് കൂടിയാണ് ജാമ്യം നീട്ടിയത്. ചികിത്സാ ആവശ്യങ്ങൾ മുൻനിർത്തി ശിവശങ്കർ ജാമ്യ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം നീട്ടി നൽകിയത്. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടി ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന്‌ കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം ഒക്ടോബർ 2-ന് അവസാനിക്കാനിരിക്കെയാണ് ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ശിവശങ്കർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഒരു ശസ്ത്രക്രിയ ഇതിനോടകം പൂർത്തിയായെന്നും ഒരെണ്ണം കൂടി ആവശ്യമാണെന്നും ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷകൻ മനു ശ്രീനാഥും കോടതിയിൽ വാദിച്ചു. എന്നാൽ, ചികിത്സയ്ക്കായി അനന്തമായി ജാമ്യം നീട്ടി നൽകുന്നതിനെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് എതിർത്തു. ഈ എതിർപ്പ് അവഗണിച്ചാണ് ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടിയത്.

കർശന ഉപാധികളോടെ ആയിരുന്നു ജാമ്യം നൽകിയത്. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ജാമ്യ കാലയളവിൽ തന്റെ വീട്, ആശുപത്രി, ആശുപ്രതി പരിസരം എന്നിവിടങ്ങളിലേക്ക് മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ചിരുന്നു. ശിവശങ്കറിന്‌ ജാമ്യം നൽകരുതെന്ന ഇ ഡിയുടെ ശക്തമായ എതിർപ്പ് തള്ളിയായിരുന്നു കോടതിയുടെ ജാമ്യാനുമതി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് ഇട്ടത്. ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കൽ കോളേജ് നൽകിയ റിപ്പോർട്ട് സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.

ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ കസ്റ്റഡിയിലായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 + nine =