തൃശൂര്‍: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം 6 മാസത്തിനകം നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രോഗികളുടെ ആരോഗ്യ, ചികിത്സാ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കല്‍, ഓണ്‍ലൈന്‍ ബുക്കിംഗ്, ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കണം. ഇതിന് ആവശ്യമായ രീതിയില്‍ എല്ലാ ആശുപത്രികളും പദ്ധതി തയ്യാറാക്കണം. പാലിയേറ്റീവ് കെയറിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ വിവിധ ആശുപത്രികളില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുന്നംകുളം, ചേലക്കര താലൂക്ക് ആശുപത്രികളില്‍ നാലു വീതം ഡയാലിസിസ് യന്ത്രങ്ങള്‍ അനുവദിക്കും. അടുത്തമാസം മുതല്‍ അവ പ്രവര്‍ത്തനം തുടങ്ങും. കൊടുങ്ങല്ലൂരിലും വടക്കാഞ്ചേരിയിലും പുതുതായി കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കും. അതിനാവശ്യമായ സ്ഥലം എംഎല്‍എമാര്‍ കണ്ടെത്തിനല്‍കും. താലൂക്ക് ആശുപത്രികളില്‍ സൗകര്യങ്ങള്‍ പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും മന്ത്രി ഡിഎംഒക്ക് നിര്‍ദ്ദേശം നല്‍കി.തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 184 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെരൂപകല്‍പ്പനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പൈതൃക നഗരമെന്ന രീതിയില്‍ നിലവിലെ ഡിസൈന്‍ പ്രകാരമുള്ള ഉയരം കെട്ടിടത്തിന് പാടില്ലെന്നതിനാലാണിത്.
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സ ഒരു മാസത്തിനകം ആരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ ഡോക്ടര്‍മാരും സജ്ജീകരണങ്ങളും ഡിഎംഒഉറപ്പുവരുത്തണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ 10.5 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റേണ്ടതുണ്ട്. അതിനുള്ള അനുമതി ഉടന്‍ ലഭ്യമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രി വികസനത്തിന് ആവശ്യമായ കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.