എം.സി ദത്തൻ മാപ്പ് പറയണം.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച എം.സി ദത്തൻ മാപ്പ് പറയണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ഇദ്ദേഹം തൻ്റെ പ്രായത്തിൻ്റെ പക്വതപോലും കാട്ടിയില്ല.സാംസ്കാരിക കേരളത്തിൽ തെരുവിൻ്റെ മക്കൾ പോലും ഉപയോഗിക്കാൻ അറയ്ക്കുന്ന വാക്കുകൾ കൊണ്ടാണ് മാധ്യമ പ്രവർത്തകർക്ക് നേരെ അധിക്ഷേപ വർഷം നടത്തിയത്.
യു.ഡി.എഫ് ൻ്റെ ഉപരോധ സമരത്തിനിടയിലാണ് സംഭവം. സെക്രട്ടറിയേറ്റ് അനക്സ് കെട്ടിടത്തിന് സമീപം പ്രസ്സ് ക്ലബ്ബ് റോഡിലെ ബാരിക്കേഡിന് മുന്നിലെത്തിയ എം.സി ദത്തനെ പോലീസുകാർ തിരിച്ചറിഞ്ഞില്ല. മാധ്യമ പ്രവർത്തകരാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചത്. അതിന് ശേഷമാണ് ഇദ്ദേഹത്തെ അകത്തേയ്ക്ക് കടത്തിവിട്ടത്.തുടർന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തെ തുടർന്ന് അദ്ദേഹം പ്രകോപിതനാകുകയായിരുന്നു. മാന്യമായി പെരുമാറിയ മാധ്യമ പ്രവർത്തകരെ തൊഴിലിടത്തിൽ അപമാനിച്ച എം.സി ദത്തൻ പരസ്യമായി മാപ്പ് പറയണമെന്ന് ജില്ലാ പ്രസിഡൻ്റ് രജിത, സെക്രട്ടറി വിജയദാസ് എന്നിവർ ആവശ്യപ്പെട്ടു.