ഇരിങ്ങാലക്കുട: റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട മടത്തിക്കര ലൈനില്‍ മുക്കുളം മോഹനന്‍റെ മകന്‍ ബിജോയ് (43) ആണ് മരിച്ചത്.മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ ഇരട്ടക്കപ്പേളക്ക് സമീപമുള്ള വളവിനടുത്ത കുഴിയിലാണ് യുവാവിന്‍റെ ബൈക്ക് വീണത്. റോഡിലെ വലിയ കുഴിയില്‍വീണ് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടം കണ്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആംബുലൻസില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ലോറി ഉടമയായ ബിജോയ് രാത്രി കെഎസ്‌ഇ കമ്പനി പരിസരത്തുനിന്ന് വീട്ടിലേക്ക് മടങ്ങവേ ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മരണം.സ്‌കാനിംഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീടുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.