പള്ളുരുത്തി: ഇടക്കൊച്ചിയില്‍ ആറു പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് വഴിയാത്രികര്‍ക്കുനേരെ തെരുവുനായുടെ ആക്രമണം ഉണ്ടായത്.ആറുപേരെയും ഒരേ നായ തന്നെയാണ് കടിച്ചത്.ഇടക്കൊച്ചി ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസിന്‍റെ താഴെ പതുങ്ങിയിരുന്നായിരുന്നു നായുടെ ആക്രമണം.നായെ ബ്രഹ്മപുരത്ത് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഇടക്കൊച്ചി സ്വദേശിയും നഗരസഭ ശുചീകരണ തൊഴിലാളിയുമായ ചെറുപറമ്പത്ത് വീട്ടില്‍ ടോമി, പ്ലസ് വണ്‍ വിദ്യാര്‍ഥി കളരിക്കല്‍ പറമ്പില്‍ ആദിത്യൻ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഇരുവര്‍ക്കും സാരമായി പരിക്കുണ്ട്. പരിക്കേറ്റ മറ്റുള്ളവരെക്കുറിച്ച് വിവരമില്ല.നിരവധി പേര്‍ക്കുനേരെ നായ് കടിക്കാൻ ഓടിയടുത്തു. പലരും തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ ഉടൻ ഡിവിഷൻകൗണ്‍സിലര്‍ അഭിലാഷ് തോപ്പില്‍ നഗരസഭ ഡോഗ് സ്ക്വാഡിനെ വിളിച്ചു വരുത്തി നായെ പിടികൂടുകയായിരുന്നു.