ഭോപ്പാല്‍: ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.മൊറാര്‍ സ്വദേശിയായ ജഗദീഷ് ജാതവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഗ്വാളിയോറിലെ അന്ത്രിയില്‍ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ജഗദീഷിന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഗ്വാളിയോര്‍ പോലീസ് പറഞ്ഞു. ജഗദീഷിനെ തന്ത്രപരമായി വിളിച്ചുവരുത്തിയ പ്രതികള്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ജഗദീഷിന്റെ പേരിലുള്ള വിവിധ ഇൻഷുറൻസുകളുടെ തുകയായ 1.9 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.