ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ സീസണിലും സന്ദര്‍ശിക്കാനാകുന്ന സ്ഥലമായി കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതിനോടൊപ്പം ഇവിടുത്തെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് മീറ്റ് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ.രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, പ്ലാനിംഗ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘കേരളത്തിലെ നിക്ഷേപ സാധ്യതകള്‍’ എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണവും ‘ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസം വ്യവസായത്തിലെ നിക്ഷേപകരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖലകള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ക്ക് പുറമെ സെമിനാറുകള്‍, പരിശീലന കളരികള്‍, നിക്ഷേപസാധ്യത അവതരണം, വട്ടമേശ ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും.

വലിയ നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകള്‍ കണ്ടെത്തി ആ ദിശയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. പുതിയ രീതികള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഷ്കരണങ്ങളും നവീകരണവും ടൂറിസം മേഖലയില്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ സുസ്ഥിര മാനദണ്ഡങ്ങളനുസരിച്ച് വികസിപ്പിച്ചാല്‍ ഏതു കാലാവസ്ഥയിലും സന്ദര്‍ശിക്കാവുന്ന പ്രദേശമായി കേരളത്തെയൊട്ടാകെ മാറ്റാന്‍ സാധിക്കും. നവീന ആശയങ്ങളും ടൂറിസം ഉത്പന്നങ്ങളും സംയുക്ത സംരംഭങ്ങളായും പൊതു-സ്വകാര്യ പങ്കാളിത്തമായുമാണ് നടപ്പാക്കുന്നത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ്, തീരദേശ ജില്ലകളില്‍ നടപ്പാക്കുന്ന ഫ്ളോട്ടിങ് ബ്രിഡ്ജ് എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ മികച്ച മാതൃകകളാണ്. സെപ്റ്റംബര്‍ ആറിന് ഉദ്ഘാടനം ചെയ്ത വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ 50,000 പേരാണ് സന്ദര്‍ശിച്ചത്. 40 ദിവസം കൊണ്ട് 20,000 പേരാണ് ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജില്‍ എത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ ജീവിതം, ഇക്കോ-ടൂറിസം, സാഹസിക ടൂറിസം, പ്രാദേശിക ജീവിതരീതിയെയും സംസ്ക്കാരത്തെയും പരിപോഷിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസം, കാരവന്‍, ഡെസ്റ്റിനേഷന്‍ ചലഞ്ച് എന്നിവയിലെല്ലാം മികച്ച നിക്ഷേപസാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയില്‍ കേരളം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അഭിമാനാര്‍ഹമായ മുന്നേറ്റങ്ങളും സാധ്യമാക്കുന്ന അവസരത്തിലാണ് നിക്ഷേപകര്‍ക്കായി പുതിയ സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ നിക്ഷേപസാധ്യതകള്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ അവതരിപ്പിക്കും. കേരളത്തിലെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിനാണ് ഇത്തരമൊരു സംഗമം ലക്ഷ്യമിടുന്നത്. ഇത് ഒരു തുടക്കം എന്ന നിലയിലാണ് ടൂറിസം വകുപ്പ് അവതരിപ്പിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളിലെ നിക്ഷേപക സാധ്യത തുറന്നിടുകയാണ് ഇതിന്‍റെ പ്രഥമലക്ഷ്യം. സംരംഭകര്‍ സ്വന്തമായി ആരംഭിക്കുന്ന നിക്ഷേപക സന്നദ്ധതയ്ക്ക് വഴികാട്ടിയാവുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. പുതിയ ഒട്ടനവധി ആശയങ്ങള്‍ ഈ സംഗമത്തില്‍ പ്രതീക്ഷിക്കുന്നു. ഈ ആശയങ്ങളെ ഏകോപിപ്പിച്ച് ടൂറിസത്തിലേക്ക് ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

പുതിയ ഡെസ്റ്റിനേഷനുകള്‍, നൂതന പദ്ധതികള്‍ എന്നിവ അനിവാര്യമാകുന്ന ഘട്ടമാണിത്. കേരളം നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ വലിയ തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന അനുഭവമാണുള്ളത്. ഇതിന് ആക്കംകൂട്ടാന്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിലൂടെ സാധിക്കും. സംസ്ഥാനത്തിന്‍റെ ജിഡിപിയുടെ 10 ശതമാനം ആണ് നിലവില്‍ ടൂറിസത്തിന്‍റെ സംഭാവന. അത് ഉയര്‍ത്തുന്നതിനുള്ള സുപ്രധാന കാല്‍വെയ്പായി ഇന്‍വെസ്റ്റേഴ്സ് മീറ്റ് മാറും. സംസ്ഥാനത്ത് തൊഴിലവസരം കൂടുതലായി സൃഷ്ടിക്കുന്ന മേഖലയാണ് ടൂറിസം. അത് വര്‍ധിപ്പിക്കുന്നതിന് ഇന്‍വെസ്റ്റേഴ്സ് മീറ്റ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ചരിത്രനേട്ടം

ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സംസ്ഥാനം റെക്കോര്‍ഡിട്ട പശ്ചാത്തലത്തിലാണ് നിക്ഷേപക സമ്മേളനം നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2022 -മായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 19.34 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായി. ഇക്കൊല്ലം ആദ്യ ഒമ്പത് മാസത്തില്‍ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 133.81 ലക്ഷമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 25.88 ലക്ഷം സന്ദര്‍ശകരാണ് ഇക്കൊല്ലം വര്‍ധിച്ചത്. കോവിഡിനു മുമ്പത്തെ കണക്കുകളില്‍ നിന്ന് 21.12 ശതമാനത്തിന്‍റെ വളര്‍ച്ചയും രേഖപ്പെടുത്തി. ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവുമധികമെത്തിയത് എറണാകുളം (33,18,391) ജില്ലയിലാണ്. ഇടുക്കി (26,61,934), തിരുവനന്തപുരം (25,61,787), തൃശൂര്‍ (18,22,020), വയനാട് (12,87,166) എന്നിങ്ങനെയാണ് കണക്കുകള്‍.

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ഇക്കൊല്ലം സംസ്ഥാനം സര്‍വകാല റെക്കോര്‍ഡ് നേടുമെന്നും പുതിയ ടൂറിസം ഉത്പന്നങ്ങള്‍ക്കും ആകര്‍ഷണങ്ങള്‍ക്കുമൊപ്പം സംസ്ഥാനം നടപ്പിലാക്കുന്ന സുസ്ഥിര, അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിനു കൂടി ലഭിച്ച അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വിദേശസഞ്ചാരികളുടെ വരവിലും കേരളം വര്‍ധന രേഖപ്പെടുത്തി. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവില്‍ സംസ്ഥാനം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം 2,06,852 വിദേശ സഞ്ചാരികളാണെത്തിയത്. 116.25 ശതമാനത്തിന്‍റെ വളര്‍ച്ചയാണിത്. വിദേശ സഞ്ചാരികളുടെ വരവില്‍ കേരളം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ്. വിദേശസഞ്ചാരികളുടെ വരവിലും എറണാകുളമാണ് (2,04,549) മുന്നില്‍. തിരുവനന്തപുരം (98,179), ഇടുക്കി (68,798), ആലപ്പുഴ (19,685), കോട്ടയം (15,112) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നില. ടൂറിസം ഡയറക്ടര്‍ എസ്.പ്രേംകൃഷ്ണന്‍, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കെ.ടി.ഐ.എല്‍ എം.ഡി ഡോ. മനോജ് കുമാര്‍ കെ. എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + 14 =