തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍.പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനെയാണ്(28) മംഗലപുരത്തു നിന്ന് പിടികൂടിയത്. മംഗലപുരം കാരമൂട്ടിലെ കളിമണ്‍ഖനന പ്രദേശത്തെ ഒഴിഞ്ഞ കുന്നിൻ മുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യവിവരം ലഭിച്ച മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ഇന്നലെ വൈകിട്ട് സെയ്ദിനെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4നാണ് സെയ്ദ് ജനറല്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ്.ഐ രജീഷിനെ ആക്രമിച്ച ശേഷം കൈവിലങ്ങോടെ റോഡിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.പാറ്റൂര്‍ ഭാഗത്തേക്ക് ഓടിപ്പോയ സെയ്ദ് ഓട്ടോയില്‍ മെഡിക്കല്‍ കോളേജിലേക്ക് പോയി.അവിടെ ഇറങ്ങി മറ്റൊരു ഓട്ടോയില്‍ കയറി കഴക്കൂട്ടത്തേക്ക്കടന്നു. കൈയിലുണ്ടായിരുന്ന ഷര്‍ട്ട് കൊണ്ട് വിലങ്ങ് മറച്ചിരുന്നു. കൈയ്ക്ക് പരിക്കേറ്റതാണെന്നാണ് ഓട്ടോ ഡ്രൈവര്‍മാരോട് പറഞ്ഞത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാൻ പരിചയക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.രണ്ടാഴ്ച മുമ്പ് എം.ഡി.എം.എ വില്‍പ്പനക്കേസില്‍ പൂവാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.