റിയോഡി ജനീറോ :മാറക്കനാ സ്റ്റേഡിയത്തിൽ വീണ്ടും ദുരന്തം. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ 1 അർജന്റീനയോട് തോറ്റു 68ആം മിനുട്ടിൽ ഹെഡറിലൂടെ ഒട്ടമെന്റിയാണ് വിജയം നേടിയത്.
ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ ഗോളവസരങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. 44 ആം മിനുട്ടിൽ കോർണറിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ബോക്സിനു അരികിൽ നിന്നും മാർട്ടിനെല്ലി തൊടുത്ത ഷോട്ട് അര്ജന്റീന ഡിഫെൻഡർ തടുത്തിട്ടു. ആദ്യ പകുതിയിൽ 22 ഫൗളുകളാണ് പിറന്നത്. മൂന്നു ബ്രസീലിയൻ താരങ്ങൾക്ക് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീലിനെയാണ് കാണാൻ സാധിച്ചത്. 52 ആം മിനുട്ടിൽ റാഫിഞ്ഞക്ക് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 57 ആം മിനുട്ടിൽ ബ്രസീൽ ഗോളിന് അടുത്തെത്തി. എന്നാൽ മാർട്ടിനെല്ലിയുടെ ഷോട്ട് അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ് രക്ഷപെടുത്തി.
അർജന്റീനിയൻ പ്രതിരോധത്തെ മറികടന്ന് ഗബ്രിയേൽ ജീസസ് കൊടുത്ത പാസ് മാര്ടിനെല്ലി ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും മാർട്ടിനെസിന്റെ മനോഹരമായ സേവ് അർജന്റീനയുടെ രക്ഷക്കെത്തി
68 ആം മിനിറ്റിൽ ഹെഡറിലൂടെ ഡിഫൻഡർ ഒട്ടമെൻഡിയാണ് ആൽബിസെലസ്റ്റികൾക്ക് അഭിമാന വിജയം സമ്മാനിച്ച ഗോൾ സ്‌കോർ ചെയ്തത്.
81 ആം മിനിറ്റിൽ ജോ ലിന്റൻ റെഡ് കാർഡ് കണ്ടതോടെ 10 പേരുമായാണ് ബ്രസീൽ കളി പൂർത്തിയാക്കിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ലോകകപ്പ് ക്വാളിഫയറിൽ ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ബ്രസീൽ പരാജയം ഏറ്റുവാങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് അപ്രതീക്ഷിത തോൽവി നേരിട്ട അർജന്റീന വീണ്ടും വിജയവഴിയിൽ എത്തിയിരിക്കുകയാണ്. 6 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി അർജന്റീന ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 6 മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് മാത്രമുള്ള ബ്രസീൽ ആറാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കോപ്പ അമേരിക്കയ്ക്ക് ശേഷം അടുത്ത വർഷം സെപ്റ്റംബറിലാണ് ഇനി പുനരാരംഭിക്കുക.