ആലപ്പുഴ: പുന്നപ്രയില്‍ 65 കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കിടപ്പുരോഗിയായ പനച്ചുവട് സ്വദേശി അറുപത്തിഅഞ്ചുകാരനായ സെബാസ്റ്റ്യനെ മകൻ വാക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് സെബാസ്റ്റ്യന്റെ മരണവിവരം പുറത്തുവരുന്നത്. പിതാവിനെ കട്ടിലില്‍ നിന്ന് വീണ നിലയില്‍ കണ്ടതെന്നാണ് മൂത്തമകൻ സെബിൻ അയല്‍ക്കാരോടും പൊലീസിനോടും പറഞ്ഞത്. കട്ടിലില്‍ നിന്ന് വീണതാകാം എന്ന് പ്രതി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പുന്നപ്ര പൊലീസിന് ഇൻക്വസ്റ്റില്‍ തന്നെ സംശയങ്ങള്‍ തോന്നിയിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിലാണ് അടിയേറ്റ കാര്യം വ്യക്തമായത്. മൂത്തമകൻ സെബിനെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകം ആണെന്ന് തെളിഞ്ഞു. വാക്കര്‍ കൊണ്ട് തലക്കടിച്ചും നെഞ്ചില്‍ചവിട്ടിയുമാണ് കൊലപ്പെടുത്തിയത് എന്ന് സെബിൻ പൊലീസിനോട് സമ്മതിച്ചു.