ശബരി മലയെ നശിപ്പിക്കുക എന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ട: വിജി തമ്പി

തിരുവനന്തപുരം: ശബരിമലയെ നശിപ്പിക്കുക എന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ടയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. ശബരിമല ക്ഷേത്രത്തോടും അയ്യപ്പഭക്തരോടും കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കാട്ടുന്ന ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും നശിപ്പിക്കു എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമാണ് ശബരിമലയില്‍ ഇന്ന് നടക്കുന്നതെല്ലാം. ഭക്തരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍പരിചയമില്ലാത്തവരെ തെരഞ്ഞെടുത്ത് ശബരിമല ഡ്യൂട്ടിക്ക് നിശ്ചയിച്ചിരിക്കുന്നത്. അവിടെ പുതിയ പുതിയ അനാചാരങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. വാവരെന്ന സങ്കല്പം ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ രണ്ട് ദേവപ്രശ്‌നങ്ങളിലും തെളിഞ്ഞതാണ്. കറുപ്പസ്വാമി മുതലായ ശിവഭൂതങ്ങളിലൊന്നുമാത്രമാണ് വാപുരന്‍. അയ്യപ്പന്‍ ജീവിച്ചിരുന്ന കാലത്ത് ഇസ്ലാംമതം ലോകത്തുതന്നെ ഉണ്ടായിട്ടില്ല. പിന്നല്ലേ ശബരിമലയില്‍. മറ്റെല്ലായിടത്തും കാണിക്കയും കച്ചവടവും നടത്തുന്ന ദേവസ്വംബോര്‍ഡ് വാവരുനടയിലെ വരുമാനം എടുക്കുന്നില്ല. അയ്യപ്പന്മാരെ സംരക്ഷിക്കുന്നതിനു പകരും മറ്റുപലരെയും സംരക്ഷിക്കുന്ന കൃത്യമായ മതപ്രീണനമാണ് ശബരിമലയില്‍ അരങ്ങേറുന്നത്. ഇതൊക്കെ ഹിന്ദുക്കള്‍ തിരിച്ചറിയണം. അര്‍ത്തുങ്കല്‍ പള്ളിയെയും ശബരിമലയെയും കൂട്ടിക്കെട്ടാനാണിപ്പോള്‍ വെളുത്തച്ഛന്‍ എന്ന പുതിയ അനാചാരത്തിലൂടെ ശ്രമം. ശബരിമലയില്‍ ഒരു പൈസപോലും കാണിക്ക ഇടരുത്. ഭഗവാന് നിവേദിക്കുകയോ പതിനെട്ടാം പടി കാണുകയോ ചെയ്യാത്ത അപ്പവും അരവണയും നല്‍കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭക്തരെ പറ്റിക്കുകയാണെന്നും വിജി തമ്പി പറഞ്ഞു. കൊച്ചുമാളികപ്പുറം ക്യൂ കോംപ്ലക്‌സിനകത്ത് ജലംകിട്ടാതെ മരണപ്പെട്ടു. ദേവസ്വംബോര്‍ഡ് ഭരിക്കുന്നത് അയ്യപ്പനില്‍ വിശ്വാസമില്ലാത്തവരാണ്. മകരവിളക്ക് ദിനത്തില്‍ ദീപാരാധന സമയത്ത് ശ്രീകോവിലിനു മുന്നില്‍ ഫുഡ്‌ബോള്‍കളി കാണാന്‍ നില്‍ക്കുന്നതുപോലെ കൈകെട്ടി നോക്കിനിന്ന ആളാണ് ഇന്നത്തെ ദേവസ്വം മന്ത്രിയെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തു.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാരും ദേവസ്വംബോര്‍ഡും അനുവദിക്കുകയാണെങ്കില്‍ നിലയ്ക്കലില്‍ നിന്ന് പമ്പവരെ ഭക്തര്‍ക്ക് സൗജന്യ യാത്രയും ശബരിമലയിലെത്തുന്ന ഭക്തര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും നല്‍കാന്‍ വിശ്വഹിന്ദുപരിഷത്ത് സജ്ജമാണെന്നു വി.ആര്‍.രാജശേഖരന്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സാമാജിക സമരസത സംയോജക് കെ.രാജശേഖരന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്പര്‍ക്കപ്രമുഖ് ഷാജു ശ്രീകണ്‌ഠേശ്വരം, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനസമിതി അംഗം മംഗലത്തുകോണം സുധി, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുധര്‍മ്മപരിഷത്ത് അധ്യക്ഷന്‍ എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + ten =