ഓണ്‍ലൈനിലൂടെയുള്ള പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ് ; രണ്ട് പേര്‍ കൂടി പിടിയിൽ

എറണാകുളം : ഓണ്‍ലൈനിലൂടെയുള്ള പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി എറണാകുളം സൈബര്‍ പോലീസിന്റെ പിടിയില്‍.തമിഴ്‌നാട് സ്വദേശി രാജേഷ്, ബെംഗളുരു സ്വദേശി ചക്രധാര്‍ എന്നിവരെയാണ് ബംഗളുരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്. പറവൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഓണ്‍ലൈന്‍ ടാസ്‌ക്ക് വഴിയാണ് പറവൂര്‍ സ്വദേശികള്‍ക്ക് പണം നഷ്ടമായത്. പാര്‍ട്ട് ടൈം ജോബിന്റെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്താല്‍ വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാല്‍ വന്‍ തുക തിരികെ കിട്ടും. എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ആദ്യഘട്ടം എന്ന നിലയില്‍ ചെറിയ തുകകള്‍ തട്ടിപ്പുസംഘം പ്രതിഫലമായും ലാഭമായും കൈമാറുമായിരുന്നു. തുടര്‍ന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകള്‍ നിക്ഷേപിപ്പിക്കും. ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് നികുതികള്‍ എന്നിങ്ങനെ കൂടുതല്‍ തുകകള്‍ വാങ്ങി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്.പറവൂര്‍ സ്വദേശി സ്!മിജയില്‍ നിന്ന് ഏഴ് ലക്ഷം രൂപയും, ബിനോയിയില്‍ നിന്ന് 11 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്.സാധാരണക്കാരെക്കൊണ്ട് തന്നെ പ്രതി മനോജ് ആദ്യം കറന്റ് അക്കൗണ്ട് എടുപ്പിക്കും. ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവും തന്നെയായിരിക്കും എന്നുമാത്രം. പിടിക്കപ്പെട്ടാല്‍ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഒരു ദിവസം ആയിരത്തിലേറെ പണമിടപാട് ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന കെവിന്‍, ജെയ്‌സന്‍ എന്നിങ്ങനെ രണ്ടു പേരെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടുവെന്നും, അവര്‍ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും അക്കൗണ്ടുകള്‍ ചൈനയില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും കണ്ടെത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × three =