തിരുവനന്തപുരം: പൊഴിയൂരില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരില്‍ നിന്നും ഈ മാസം 20നാണ് കുളത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സഞ്ചുവിനെ കാണാതായത്.ആദര്‍ശിനെ കുളച്ചലുള്ള കോഴിക്കടയില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിനിടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയത്.നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദര്‍ശ്. കഴിഞ്ഞ ഇരുപതിന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ആദര്‍ശ് സ്‌കൂളിലെത്തി. പിന്നെ ഉച്ചയ്ക്ക് ശേഷം ആദര്‍ശിനെ ആരും കണ്ടിട്ടില്ല. ഉച്ചയോടെ സ്‌കൂള്‍ കോമ്ബൗണ്ടില്‍ വച്ച് സഹപാഠികളുമായി ആദര്‍ശ് വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് ശേഷം മൊബൈല്‍ തല്ലിപൊട്ടിച്ച് അതിലുണ്ടായ സിം കാര്‍ഡ് ഉപേക്ഷിച്ച് ആദര്‍ശ് സ്‌കൂളില്‍ നിന്ന് പോയെന്നാണ് സഹപാഠികള്‍ പൊലീസിന് നല്‍കിയ മൊഴി നല്‍കിയത്. പക്ഷേ ആദര്‍ശ് എങ്ങോട്ട് പോയെന്ന് ഒരു വിവരവുമില്ലായിരുന്നു. സംഭവ ദിവസം ഉച്ചക്കടയിലൂടെ ആദര്‍ശ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.