കൊല്ലം :വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. പരവൂര്‍, നെടുങ്ങോലം, കല്ലുവിള വീട്ടില്‍ ശ്യാംകുമാര്‍ (36), പരവൂര്‍, പൂതകുളം, സ്മിത മന്ദിരത്തില്‍ പ്രശാന്ത്കുമാര്‍ (37) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. 2.1 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്.
കൊല്ലം സിറ്റി അഡിഷണല്‍ എസ്പി സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് ലഹരി വസ്തുക്കള്‍ മുൻകൂട്ടി എത്തിക്കാൻ ഇടയുള്ളതിനാല്‍ ജില്ലാ ഡാൻസാഫ് ടീമിനോട് കര്‍ശന പരിശോധന നടത്താൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി ശക്തികുളങ്ങരയില്‍ നടത്തിയ വാഹനപരിശോധനയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ പ്രതികള്‍ സഞ്ചരിച്ച് വന്ന കാറില്‍ സൂക്ഷിച്ചിരുന്ന 2.1 കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു.