പത്തനംതിട്ട: അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രിക അതേ ലോറി ദേഹത്ത് കയറി മരിച്ചു.മൂന്നാളം ചെറുപുഞ്ച കടയ്ക്കല്‍ കിഴക്കേതില്‍ രമേശിന്റെ ഭാര്യ ഗീതയാണ് (58) മരിച്ചത്. അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന പന്നിവിഴ ഊട്ടിമുക്ക് അര്‍ച്ചനാലയത്തില്‍ ജലജാമണിക്ക് (55) ഗുരുതരമായ പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 8.30ന് കെപി റോഡില്‍ പതിനാലാംമൈലിലെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തു വച്ചായിരുന്നു അപകടം. പഴകുളം തെങ്ങുംതാരയിലുള്ള കശുവണ്ടി ഫാക്ടറിയിലെ ജോലിക്കാരായ ജലജാമണിയും ഗീതയും സ്കൂട്ടറില്‍ ജോലിക്ക് പോകവേ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ടിപ്പര്‍ ലോറി തട്ടി രണ്ടു പേരും റോഡിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.റോഡിലേക്ക് തെറിച്ചു വീണ ഗീതയുടെ തലയിലൂടെ ടിപ്പര്‍ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ഗീത മരിച്ചു. പന്നിവിഴയില്‍ നിന്ന് സ്കൂട്ടറില്‍ വന്ന ജലജാമണി ചേന്നമ്പള്ളി ജംക്‌ഷനില്‍ നിന്നാണ് ഗീതയെ കയറ്റിയത്.