ദില്ലി: ദില്ലിയില്‍ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗര്‍ഭിണിയുടെ നില ഗുരുതരാവസ്ഥയില്‍. കിഴക്കൻ ദില്ലിയിലെ മയൂര്‍ വിഹാറിലാണ് ഗര്‍ഭിണിയായ യുവതിയെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഭവം നടന്നത്. ദില്ലിയിലെ ആയുര്‍വേദ സെന്‍ററിലെ ജോലിക്കാരിയായ പത്തൊമ്പതുകാരിയെ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. യുവതി തന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കിഴക്കൻ ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ അവിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു.ജോലികഴിഞ്ഞ് യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാവിലെ ചില്ല വില്ലേജിലെ അഗ്നിശമനസേനാ ഓഫീസിന് സമീപം യുവതിയെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി അകലെയുള്ള വനമേഖലയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഗര്‍ഭിണിയുടെ വയറ്റിലും അടിവയറ്റിലും കുത്തേറ്റതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു . സംഭവസ്ഥലത്തു നിന്നും പൊട്ടികിടന്ന നിലയിലുള്ള യുവതിയുടെ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.യുവതിയുടെ വയറ്റില്‍ ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുഖത്ത് മൂര്‍ച്ചയേറിയ കനത്ത കല്ലുപയോഗിച്ച് ഇടിക്കുകയും ചെയ്തതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്രമികള്‍ യുവതിയുടെ വയറ്റില്‍ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ സംശയമുള്ളതായി ദില്ലി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ത്രീയുടെ പങ്കാളിയെ ഇയാളുടെ ബന്ധുവിന്റെയും മുഖംമൂടി ധരിച്ച ഒരാളുടെയും കൂടെ ബുധനാഴ്ച രാത്രി 9 മണിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റും കണ്ടതായി നാട്ടുകാർ മൊഴിനല്‍കിയിട്ടുണ്ട്.