നിലമ്പൂര്‍ നഗരസഭ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യുവാവിന് പൊള്ളലേറ്റു. ഞായറാഴ്ച ഫയര്‍ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ താമ്പോലം നൃത്തസംഘത്തിലെ സജി(29)നാണ് പൊള്ളലേറ്റത്. സജി മണ്ണെണ്ണ വായില്‍ ഒഴിച്ച് ഉയര്‍ത്തി പിടിച്ച് തീ ആളിക്കത്തിക്കാൻ തുപ്പിയെങ്കിലും സജിയുടെ ദേഹത്ത് തീ അപകടകരമായ രീതിയില്‍ പൊതിഞ്ഞത് ദുരന്തമായിരുന്നു. ഉടൻ തന്നെ സദസ്സും സ്ഥലത്തുണ്ടായിരുന്നവരും സമയോചിതമായി തീയണച്ചു. സജിയുടെ മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികില്‍സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും ചേര്‍ന്ന് സംഘടിപ്പിച്ച ഗാനമേള വേദിയില്‍ വൻ ജനത്തിരക്കായിരുന്നു. രാത്രി 10 മണി വരെ മാത്രമേ പരിപാടി അവതരിപ്പിക്കാൻ പോലീസ് അനുവദിച്ചുള്ളൂ. എന്നാല്‍ രാത്രി 10.50നാണ് സംഭവം. പരിപാടിക്കിടെ ഫയര്‍ഫോഴ്‌സ് സൗകര്യം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സംഘാടകര്‍ സുരക്ഷാ നടപടികള്‍ കൃത്യമായി പാലിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.