ഡൽഹി : നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഡല്‍ഹിയിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിനുള്ളിലേക്ക് വലിയ തോതില്‍ തീ പടര്‍ന്നതോടെയാണ് അപകടം നടന്നത്.തീപിടിത്തത്തെ തുടര്‍ന്ന് 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം നാല് പേര്‍ വെന്തു മരിച്ചു. പ്രതാം സോണി (17), രചന (28), ഗൗരി സോണി (40) എന്നിവരും 9 മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഡല്‍ഹിയിലെ ഷാഹദാര പ്രദേശത്തെ റാം നഗറിലാണ് ദാരുണമായ അപകടം ഉണ്ടായത്.സംഭവത്തില്‍ 70 വയസുകാരി പ്രഭാവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിന് ഒരു കോണിപ്പടിയെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാനുള്ള പ്രധാന കാരണം. അതിവേഗം തീ പടര്‍ന്നതോടെ കെട്ടിടത്തിന്റെ മുകളില്‍ താമസിക്കുന്നവര്‍ താഴെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങി പോവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആറ് പേരെ രക്ഷിക്കുകയായിരുന്നു.