എസ്.പി.സി സഹവാസക്യാമ്പ് സമാപിച്ചു; സെറിമോണിയല്‍ പരേഡില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിച്ചു

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒരാഴ്ചത്തെ സംസ്ഥാനതല സഹവാസക്യാമ്പിന് സമാപനമായി. തിരുവനന്തപുരം എസ്.എ.പി ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി അറുനൂറില്‍പരം കേഡറ്റുകളും പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു.

സമാപനത്തോടനുബന്ധിച്ച് രാവിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന സെറിമോണിയല്‍ പരേഡില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിച്ചു. 24 പ്ലാട്ടൂണുകള്‍ പരേഡില്‍ പങ്കെടുത്തു. കണ്ണൂര്‍ സിറ്റിയിലെ പട്ടാനൂര്‍ കെ.പി.സി.എച്ച്.എസ്.എസിലെ പി.പി അഭിനന്ദയാണ് പരേഡ് നയിച്ചത്. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസിലെ എം.ആദിഷായിരുന്നു പരേഡ് സെക്കന്‍റ് ഇന്‍ കമാണ്ടര്‍. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിക്ക് സര്‍ക്കാര്‍ അതീവപ്രാധാന്യമാണ് നല്‍കുന്നതെന്ന് അഭിവാദ്യം സ്വീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

സെറിമോണിയല്‍ പരേഡില്‍ ഏറ്റവും മികച്ച ആണ്‍കുട്ടികളുടെ പ്ലാട്ടൂണായി തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നാവായിക്കുളം ഗവണ്‍മെന്‍റ് എച്ച്.എസ്.എസിലെ എസ്.ആര്‍ അനന്തകൃഷ്ണന്‍ നയിച്ച പ്ലാട്ടൂണിനെയും മികച്ച പെണ്‍കുട്ടികളുടെ പ്ലാട്ടൂണായി തിരുവനന്തപുരം സിറ്റിയിലെ മണക്കാട് ജി.വി എച്ച്.എസ്എസിലെ വര്‍ഷ വി.മനോജ് നയിച്ച പ്ലാട്ടൂണിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് മന്ത്രി ട്രോഫികൾ വിതരണം ചെയ്തു.

സഹവാസ ക്യാമ്പിന്‍റെ ഭാഗമായി നിരവധി വിശിഷ്ട വ്യക്തികളാണ് കുട്ടികളുമായി സംവദിക്കാനെത്തിയത്. നിയമസഭ, വിഴിഞ്ഞം തുറമുഖം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അരുവിക്കര ജലശുദ്ധീകരണശാല, മുട്ടത്തറ സ്വീവറേജ് പ്ലാന്‍റ്, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍, മാധ്യമസ്ഥാപനം എന്നിവ കുട്ടികള്‍ സന്ദര്‍ശിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല എസ്.പി.സി ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കൊല്ലം സിറ്റി എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

*ഫോട്ടോ ക്യാപ്ഷൻ :* തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ സെറിമോണിയൽ പരേഡിൽ മന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം സ്വീകരിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + 16 =