ആലപ്പുഴ: കാവാലത്ത് നിയമ വിദ്യാര്‍ഥിനി ആതിര തിലകന്‍ ((25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍.ഡി.വൈ.എഫ്.ഐ. കാവാലം മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എന്‍. അനന്തുവിനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി അംഗമായിരുന്നു ആതിര. ജനുവരി അഞ്ചിനാണ് മുന്‍ പഞ്ചായത്ത് അംഗം ആര്‍.വി. തിലകിന്റെ മകളും അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിനിയുമായ ആതിര ആത്മഹത്യ ചെയ്തത്. അനന്തുവും ആതിരയും തമ്മിലുള്ള വിവാഹം രണ്ട് വര്‍ഷം മുന്‍പ് നിശ്ചയിച്ചിരുന്നു.
വിവാഹ നിശ്ചയത്തിന് ശേഷം അനന്തു ഇടയ്ക്കിടെ ആതിരയുടെ വീട്ടില്‍എത്താറുണ്ടായിരുന്നു. സംഭവ ദിവസവും അനന്തു ആതിരയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ആതിരയും അനന്ദുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും അനന്തു ആതിരയെ ശാരീരികമായി ഉപദ്രവിച്ചെന്നും ആതിരയുടെ മുത്തച്ഛന്‍ പോലീസിനോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ആതിര ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാപിതാക്കളാണ് ആതിരയെ മുകളിലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.