തീയേറ്റർ മെക്കാനിക്ക് തസ്തികയിൽ പി എസ് സി നിയമനത്തിന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യാജ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്ന് ആക്ഷേപം.
സ്വകാര്യ ഏജൻസി വഴി ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റൻ്റായി സേവനമനുഷ്ഠിച്ച രണ്ടു ജീവനക്കാർക്കാണ് യാതൊരു വിധ യോഗ്യതയുമില്ലെങ്കിലും തീയേറ്റർ മെക്കാനിക്ക് എന്ന പേരിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയതെന്നാണ് ആരോപണമുയർന്നത്. മാത്രമല്ല, ആശുപത്രി അധികൃതർക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകാൻ അധികാരവുമില്ല. സ്വകാര്യ ഏജൻസി വഴി നേഴ്സിംഗ് അസിസ്റ്റൻ്റായി കരാർ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ജോലിക്കു കയറിയ ഇവർ ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റൻ്റായാണ് പ്രവർത്തിച്ചു വന്നത്. ഓപ്പറേഷൻ തീയേറ്ററുമായുള്ള ഇവരുടെ ഏക ബന്ധം ഇതു മാത്രമാണ്. കോവിഡ് വ്യാപനം രൂക്ഷമായ കാലഘട്ടത്തിലാണ് ആശുപത്രി അധികൃതരെ സ്വാധീനിച്ച് ഇവർ വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. തുടർന്ന് പി എസ് സി യ്ക്ക് സമർപ്പിക്കുകയായിരുന്നു. എഴുത്തു പരീക്ഷ ഇല്ലായിരുന്നു ഇൻ്റർവ്യൂ മാത്രമാണുണ്ടായിരുന്നത്. ഇൻ്റർവ്യൂവിലും ആശുപത്രി അധികൃതരുടെ സ്വാധീനം ഇവർ ഉറപ്പാക്കിയിരുന്നു. 19,000- 43,600 ശമ്പള സ്കെയിലിൽ തീയേറ്റർ മെക്കാനിക്ക് ഗ്രേഡ് 2 എന്ന തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ആദ്യത്തെ 20 പേരിൽ ആരോപണ വിധേയരായ ഉദ്യോഗാർത്ഥികൾ രണ്ടു പേരും ഉൾപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ സ്വാധീനിച്ച് വ്യാജമായി തയ്യാറാക്കിയ സർട്ടിഫിക്കറ്റാണ് ഇവർ സമർപ്പിച്ചിട്ടുള്ളതെന്ന് കാണിച്ച് ആക്ഷേപമുന്നയിച്ചവർ ഉടൻ പി എസ് സിയ്ക്ക് പരാതി നൽകുമെന്നറിയുന്നു.