കുമളി: സ്വകാര്യതോട്ടത്തിലെ വാച്ചർ കെ.കെ. പെട്ടി സ്വദേശി ഈശ്വരൻ വനത്തിനുള്ളില്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് വനപാലകരെ പോലീസ് അറസ്റ്റുചെയ്തു.ഫോറസ്റ്റർ തിരുമുരുകൻ, ഗാർഡ് ബെന്നി എന്നു വിളിക്കുന്ന ജോർജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബർ 28-ന് ഗൂഡല്ലൂരിന് സമീപം കേരള തമിഴ്‌നാട് അതിർത്തിയിലെ വണ്ണാത്തിപ്പാറ വനമേഖലയില്‍ വനപാലകരുടെ സർവീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റാണ് ഈശ്വരൻ മരിച്ചത്. രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരെ വനത്തില്‍ ഒളിച്ചിരുന്ന ഈശ്വരൻ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയായിരുന്നു എന്നാണ് വനപാലകർ പോലീസിന് മൊഴിനല്‍കിയിരുന്നത്.എന്നാല്‍ ജീവൻ നഷ്ടപ്പെടാതെ അരയ്ക്ക് കീഴില്‍ വെടിവയ്ക്കാനാകുമെന്നിരിക്കെ ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവർത്തി മുൻ വൈരാഗ്യത്തെ തുടർന്നാണെന്നായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും കാട്ടി ഈശ്വരന്റെ ബന്ധുക്കള്‍ മധുര ബെഞ്ചില്‍ ഹർജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം അന്വേഷിക്കാൻ തേനി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടു.കോടതി നിർദ്ദേശ പ്രകാരം തേനി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോങ്കരെ പ്രവീണ്‍ ഉമേഷ്, നിലവിലെ ജില്ല പൊലീസ് മേധാവി ആർ. ശിവ പ്രസാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് വനപാലകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.