കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മലയാളികൾ ഇന്നും അംഗീകരിക്കാൻ മടിക്കുന്ന വേർപാടുകളിലൊന്നാണ് കലാഭവൻ മണിയുടേത്. ഇത്രമേൽ ജനപ്രിയനായ മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മണി എന്നുമൊരു ആഘോഷമായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു. ലക്ഷങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകള്‍ എത്താറുണ്ട്. മലയാളികളുടെ ജിവിതത്തിൽ മണിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നതാണ് സത്യം.
മാണിയുടെ പാട്ടുപോലെതന്നെ ഊർജസ്വലവും ചടുലവുമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതവും. ഒന്നും ഒളിച്ചു വയ്ക്കാത്ത, മറയില്ലാത്ത ജീവിതം. 1971ലെ പുതുവത്സരത്തിൽ രാമൻ അമ്മിണി ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനായിട്ടാണ് കലാഭവൻ മണിയുടെ ജനനം. വീട്ടിലെ ദാരിദ്ര്യം മൂലം പഠനം നിർത്തി കൂലിപ്പണിക്കാരനായും ഓട്ടോ ഡ്രൈവറായും ജീവിതം തള്ളിനീക്കിയ കഥ മണിയുടെ നാവിൽ നിന്നുതന്നെ മലയാളികൾ കേട്ടതാണ്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. കൊച്ചിൻ കലാഭവൻ മിമിക്സ് പരീഡിലൂടെയാണ് കലാഭവൻ മണിയുടെ കലാപ്രവേശനം. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോഡ്രൈവറുടെ വേഷത്തിൽ സിനിമയിൽ എത്തിയെങ്കിലും സല്ലാപത്തിലെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി പകർന്നാടി. മണി ചെയ്തുവച്ച കടാഹപാത്രങ്ങള് മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും അദ്ദേഹം തിളങ്ങി.
ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി മണിയത്തേടിയെത്താത്ത പുരസ്കാരങ്ങൾ കുറവാണ്. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായാണ് കലാപ്രേമികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചത്. കരൾ രോഗമാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേരളത്തിലെ നാടൻപാട്ടുകളും ഈണങ്ങളും വീണ്ടെടുത്ത് പുനരാവിഷ്കരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ മണി നടത്തിയിട്ടുണ്ട്. മണിയുടെ ആഗസ്മികമായ മരണം ഉണ്ടാക്കിയ വലിയ മുറിവും ശൂന്യതയും മലയാള സിനിമയിൽ ഇന്നും മാറാത്ത നീറ്റലായി തുടരുകയാണ്.