കൊച്ചി: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയെ ബൈക്ക് ഷൂറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവാണ് അപകടത്തില്‍ മരിച്ചത്.വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥ് ( 23 ) ആണ് മരിച്ചത്. പിറന്നാളിന് സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം ഷോറൂമിലേക്ക് പോയത്.ഇവിടെ നിന്ന് ടെസ്റ്റ് ഡ്രൈവിന് പോയപ്പോള്‍ ആണ് അപകടം. ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേണ്‍ എടുക്കുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിച്ചത്. അഞ്ച് മിനിറ്റിലേറെ നേരം നിധിൻ റോഡില്‍ കിടന്നു.നിധിൻ നാഥിനെ അത് വഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കളമശ്ശേരി സ്കോഡ ഷോറൂമില്‍ മെക്കാനിക്കായ നിധിന്റെ പിറന്നാള്‍ ആണ് 15 ന്.ബൈക്ക് വാങ്ങണം എന്ന് ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച് ആണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.