കക്കയം വനത്തില്‍ തീപിടിത്തം

ബാലുശ്ശേരി: കക്കയം വനത്തില്‍ തീപിടിത്തം തുടരുന്നു. ബുധനാഴ്ച മൂന്നിടങ്ങളിലാണ് തീ പടർന്നുപിടിച്ചത്. അഞ്ച് ഏക്കറോളം സ്ഥലം കത്തിനശിച്ചിട്ടുണ്ട്.കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ട ചൊവ്വാഴ്ച രാത്രി തോണിക്കടവ് ടൂറിസം കേന്ദ്രത്തിനടുത്തുള്ള ഹാർട്ട് അയലൻഡിലാണ് ആദ്യം തീപിടിച്ചത്. 45 ഏക്കറോളം വരുന്ന ഈ അയർലൻഡില്‍ അക്കേഷ്യ മരങ്ങളാണ് കൂടുതലും. ചുറ്റിലും വെള്ളമായതിനാലും ആള്‍പാർപ്പില്ലാത്തതിനാലും തീയണക്കാൻ ആരും ശ്രമിച്ചിട്ടില്ല. കഴിഞ്ഞദിവസം കൂരാച്ചുണ്ടിലെ വീട്ടുമുറ്റത്തിറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ തുരത്തിയോടിച്ചപ്പോള്‍ റിസർവോയർ കടന്ന് കാട്ടുപോത്ത് ഇവിടേക്കായിരുന്നു നീന്തിക്കയറിയത്.ഇന്നലെ രാവിലെ 11.30ഓടെ കക്കയം 31ാം മൈലിനടുത്തുള്ള അംഗൻവാടിക്ക് സമീപത്തെ വനപ്രദേശത്താണ് തീ പടർന്നത്. റോഡില്‍ തീപിടിത്തമുണ്ടായി കുന്നിലേക്ക് പടരുകയായിരുന്നു. ഇവിടെ മൂന്നു ഏക്കറോളം സ്ഥലം കത്തിനശിച്ചിട്ടുണ്ട്. ഇതിന് ഏതാനും മീറ്റർ അകലെയായാണ് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. പേരാമ്പ്രയില്‍നിന്ന് സി.പി. ഗിരീഷിന്റെ നേതൃത്വത്തിലുള്ള രണ്ടു യൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കക്കയം പഞ്ചവടി പാലത്തിനടുത്ത് ഗണപതി കുന്നിലെ മുളങ്കാടിനും കെ.എസ്.ഇ.ബി പരിസരത്തും തീപിടിച്ചു. ഇവിടെയും അഗ്നിരക്ഷാസേന എത്തി തീയണച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six + 1 =