മൂന്നാർ: മാട്ടുപ്പട്ടിയില്‍ ഭീതി പടർത്തി പടയപ്പ നാശം വിതച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് കാട്ടാന മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനില്‍ ഇറങ്ങിയത്.നെറ്റിമേട് മാരിയമ്മൻ ക്ഷേത്രത്തിന് സമീപം ഏറെനേരം നടന്ന പടയപ്പ പ്രദേശത്തെ പച്ചക്കറികൃഷി നശിപ്പിച്ചു. ഇവിടെയുള്ള വഴിയോരക്കട തകർത്തു.
നേരത്തെ മാട്ടുപ്പട്ടി പ്രദേശത്ത് എത്തിയ പടയപ്പ ദേവികുളം ഭാഗത്തേക്ക് നീങ്ങിയിരുന്നു. ദേവികുളം സബ് കളക്ടർ ബംഗ്ലാവിന് സമീപം ആന എത്തി. ഇതിനുശേഷം കഴിഞ്ഞദിവസമാണ് ആന മാട്ടുപ്പട്ടി ഭാഗത്തേക്ക് തിരിച്ചെത്തിയത്. അവധിക്കാലം ആരംഭിച്ചതോടെ മാട്ടുപ്പട്ടിയില്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പടയപ്പയുടെ സാന്നിധ്യം ഇവിടെ ഭീതി പരത്തുകയാണ്.