കത്തുന്ന വേനൽച്ചൂട് മകരക്കൊയ്ത്തുകഴിഞ്ഞ പാടത്ത് നിറഞ്ഞുകിടക്കുന്ന വേനൽക്കാല പച്ചക്കറികൾ. ഏത് വറുതിയിലുംu വിഷുക്കഞ്ഞിക്കായ് മാറ്റിവയ്ക്കുന്ന ഇത്തിരി നെൽമണികൾ!കളിയും ചിരിയുമായി കുളത്തിലും മാഞ്ചുവട്ടിലും പിന്നെ
വെയിലാറിയാൽ വെളിമ്പ്രദേശത്തും പറമ്പിലുമായി എല്ലാവരും ഒത്തു കൂടും.
മുമ്പൊക്കെ ഓണവും വിഷുവും കാത്തുകാത്ത് പറഞ്ഞ് പറഞ്ഞ് ഒരുങ്ങിയൊരുങ്ങിയാണെത്തുക. കുംഭച്ചൂടിലേ വിഷുവൊരുക്കം തുടങ്ങുകയായി. ഓണത്തിനെന്നപോലെ വിഷുവിനും തേങ്ങയാട്ടിക്കൽ പ്രധാന ചടങ്ങാണ്. ഓണം മുതൽ മച്ചിൻപുറത്ത് ശേഖരിച്ചുവെയ്ക്കുന്ന നല്ല ഉണക്കതേങ്ങകൾ പൊതിച്ച് വെട്ടി ഉണക്കാൻ വയ്ക്കുകയായി. അടുത്ത ഒരുക്കം കുളംവെട്ടാണ്. തേക്കുപാട്ടയിൽ ആഞ്ഞുളള വെളളംതേകൽ കാണാൻ തന്നെ ഞങ്ങൾ കൊച്ചുകുട്ടികളുടെ പടയായിരിക്കും. വല്ലത്തിൽ കൂടി പാത്തി വഴി ഓരോ തെങ്ങിൻ ചുവട്ടിലേയ്ക്കും ആ വെള്ളം ഒഴുകിപ്പോകും. ആ വെള്ളത്തിൽ പിടയ്ക്കുന്ന ചെറുമീനുകളും തവളകളും. ഇടയ്ക്ക് ആൾക്കാരുടെ കണ്ണുവെട്ടിച്ച് ലോകസഞ്ചാരത്തിന് കരയിലേയ്ക്കു കയറുന്ന ആമക്കുട്ടന്മാർ.
പണ്ടൊക്കെ കുളംവെട്ടും പുരമേയലുമൊക്കെ ഉത്സവങ്ങളാണ്. കുളംവെട്ടുകാരും അയൽക്കാരുമൊത്തുളള ചക്കക്കുഴയും കൂട്ടിയുളള ചൂടുകഞ്ഞികുടി! പുറത്ത് മീനവെയിൽ അപ്പോൾ തിളയ്ക്കുകയാവും.
വിഷുക്കണിയ്ക്കും പാൽക്കഞ്ഞിക്കുമൊക്കെയായി പത്തായത്തിൽനിന്ന് നെല്ലു പുറത്തേയ്ക്കെടുക്കുകയായി. സദ്യയ്ക്കുളള അരി പുഴുങ്ങിക്കുത്തിയെടുക്കുമ്പോൾ പാൽക്കഞ്ഞിയ്ക്കുളളത് പുഴുങ്ങാതെ പച്ചനെല്ല് കുത്തിയെടുക്കും. കുംഭത്തിലേ അടിമുടി പൂത്ത ‘കളളികൊന്നകൾ’ പൂമുഴുവൻ പൊഴിച്ച് നാണിച്ചു നിൽക്കുന്നുണ്ടാവും. ഓരോ കൊന്നമരത്തിലും വിഷുവിനായി ഒരുകുടന്ന പൂവെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ കുട്ടികളും.
അടിമുടി സ്വർണ്ണവർണ്ണമാർന്ന് പൂത്തുനിൽക്കുന്ന കൊന്ന കാണാനെന്താ ഭംഗി! ആരേയും കൊല്ലാതെ കൊന്നയെന്ന പേരു വന്നതിൽ പരിഭവിക്കുന്ന കൊന്നയെ ചില സന്ദേശങ്ങളിൽ കണ്ടു. രാമൻ കൊന്നയെ മറയാക്കിയാണത്രേ ബാലിയെ ഒളിഞ്ഞ് അമ്പെയ്തത്. അങ്ങനെ ‘കൊന്ന’മരമെന്ന പേരുകിട്ടിയ മരത്തിന് ഉണ്ണിക്കണ്ണൻ ശാപമോക്ഷം കൊടുത്തത്രേ! ഒരു ദരിദ്രനായ ഇല്ലത്തെ ഉണ്ണിയ്ക്ക് കൂട്ടുകാരനായ സാക്ഷാൽ ഉണ്ണിക്കണ്ണൻ കൊടുത്ത കിങ്ങിണിഅരഞ്ഞാണം. എല്ലാരുമവനെ കളളനാക്കി. ഊരിയെറിഞ്ഞ കിങ്ങിണി അടുത്തുള്ള കൊന്നമരത്തിൽ സ്വർണ്ണകിങ്ങിണി രൂപമാർന്ന കൊന്നപ്പവായ് മാറി. കൊന്നപ്പൂവ് കണ്ണന് കണിക്കൊന്നയായി നൽകും