തിരുവനന്തപുരം: ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്തിൻ്റെ വീടാക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടി കൂടണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അവശ്യപ്പെട്ടു. മന:പ്പൂർവം സംഘർഷം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കം പോലീസ് കർശനമായി ഇടപെട്ട് തടയണമെന്നും രാജേഷ് സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ പറയുന്നു.
വീടിന് നേരെ ട്യൂബ് ലൈറ്റുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷിടിച്ചാണ് ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ഇത്.
ഇതു സംബന്ധിച്ച് കരമന അജിത്തും പോലീസിന് പരാതി നൽകിയിട്ടുണ്ട്. പാർട്ടിയുടെ തിരുവനന്തപുരത്തെ മുതിർന്ന നേതാവും കൗൺസിലറുമായ അജിത്തിൻ്റെ വീടിനുനേരെയുണ്ടായ ആക്രമണം വളരെ ഗൗരവത്തോടെയാണ് ബി ജെ പി കാണുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് ആവശ്യപ്പെട്ടു.