തിരുവനന്തപുരം: മില്‍മയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ സമരം ഒത്തുതീർപ്പായി. ഇതോടെ ചൊവ്വാഴ്ച രാവിലെ സ്തംഭിച്ച പാല്‍ വിതരണം രാത്രി വൈകി പുനരാരംഭിച്ചു.മില്‍മ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ നേതാക്കള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സണ്‍ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടർ പി.മുരളി, മില്‍മയിലെ ഐ.എൻ.ടി.യു.സി. യൂണിയനെ പ്രതിനിധാനംചെയ്ത് വി.ജെ.ജോസഫ്, സി.ഐ.ടി.യു.വിനായി എസ്.സലീം എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും ഇത് എഴുതിനല്‍കാമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ തുടങ്ങിയ ചർച്ച 10 മണിയോടെയാണ് അവസാനിച്ചത്.