സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി.തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് പൊലീസിന്റെ പിടിയില്‍ ആയത്. ഇതേ കേസില്‍ രണ്ടാം തവണയാണ് ദിലീപിനെ പൊലീസ് പിടികൂടുന്നത്. ഇതിന് മുന്നേ ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും മര്‍ദനമുണ്ടായത്.
സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞായിരുന്നു അക്രമം. തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഭാര്യയുടെ പരാതി. ദിലീപ് മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നതോടെയാണ് യുവതി മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കുന്നത്.ദിലീപിനെതിരെ വധശ്രമത്തിന് വീണ്ടും കേസെടുത്തു.രണ്ടുവര്‍ഷം മുമ്പുള്ള കേസില്‍ ജോലിക്ക് പോകുന്നതിന്റെ പേരിലായിരുന്നു മര്‍ദനം. മുഖമാകെ ചോരയിലൊപ്പിച്ച് നില്‍ക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ദിലീപ് തന്നെയാണ് അന്ന് പ്രചരിപ്പിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ രണ്ടാംദിനം അന്വേഷണസംഘം പിടികൂടുകയായിരുന്നു.